Monday, August 16, 2010

ടിന്റുമോന്റെ പിന്നാലെ എട്ടുകാലി മമ്മൂഞ്ഞുമാര്‍...




ടിന്റുമോന്റെ പിതൃത്വം അവകാശപ്പെട്ടുകൊണ്ട് ചില എട്ടുകാലി മമ്മൂഞ്ഞുമാര്‍ രംഗത്തെത്തിയതായി ബെര്‍ളിയുടെ ഈ പോസ്റ്റില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ടിന്റുമോന്‍ എന്ന കഥാപാത്രം ഹിറ്റായത് എസ്.എം.എസ്. ജോക്കുകളിലൂടെയും മെയിലുകളിലൂടെയും ബ്ലോഗുകളിലൂടെയും ആണ്. പിന്നീടാണ്‌ ടിന്റുമോന്‍.കോം പോലെയുള്ള സൈറ്റുകളും ടിവി ചാനലുകളും മനോരമ തുടങ്ങിയ അച്ചടിമാധ്യമങ്ങളും ടിന്റുമോനെ ഏറ്റെടുക്കുന്നത്. കല്യാണരാമന്‍ സിനിമയില്‍ ഇന്നസെന്റിന്റെ കഥാപാത്രം പറയുന്ന, അയാളുടെ കഴിഞ്ഞ ജന്മത്തിലെ പേരാണ് മാസ്റ്റര്‍ ടിന്റുമോന്‍. ആദ്യകാലത്ത് മലയാളികളെ സംബന്ധിച്ചിടത്തോളം മറ്റൊരു പേര് മാത്രമായിരുന്നു ടിന്റുമോന്‍. 

ശശി, ബൈജു, സോമന്‍ തുടങ്ങിയ പേരുകള്‍ക്ക്‌ മലയാളി സമൂഹത്തില്‍ ഉള്ള സാമാന്യത തന്നെയാണ് ആദ്യകാലത്ത്‌ ടിന്റുമോനും മലയാളികള്‍ കല്‍പിച്ചു  നല്‍കിയത്. പിന്നീട് സര്‍ദാര്‍ജി, നമ്പൂതിരി, തുടങ്ങിയ ഹാസ്യ ബിംബങ്ങളുടെ നിരയിലേയ്ക്ക് ടിന്റുമോനും ഉയര്‍ത്തപ്പെട്ടു. ടിന്റുമോന്‍ എന്ന പേരിന് വലിയ മാര്‍ക്കറ്റ്‌ വാല്യൂ കൈവന്നു. അതിനെ വിറ്റ്‌ കാശാക്കാന്‍ പലരും കച്ചകെട്ടിയും കേട്ടാതെയും ഇറങ്ങി. ടിന്റുമോന്റെ ജോക്സ് അച്ചടിച്ച പുസ്തകങ്ങള്‍ ബുക്സ്റ്റാളുകളിലും ട്രെയിനുകളിലും വരെ വില്‍ക്കപ്പെട്ടു. അവരാരും ടിന്റുമോന്‍ തങ്ങളുടെ സ്വകാര്യസ്വത്താണെന്ന് അവകാശപ്പെട്ടില്ല. അപ്പോഴാണ് "അതിന്റാള് ഞമ്മളാ" എന്നും പറഞ്ഞ്‌ ചിലരുടെ വരവ്. ടിന്റുമോന്റെ അവകാശവാദം ഉന്നയിക്കുന്നവര്‍ മനസിലാക്കേണ്ട ഒരു കാര്യം ടിന്റുമോന്‍ എന്നത് ഒരു പേര് മാത്രമാണെന്നുള്ള വസ്തുതയാണ്. ടിന്റുമോന്‍ എന്ന പേരിന് ആരെങ്കിലും പേറ്റന്റ്‌ എടുത്താല്‍ നാളെ മുതല്‍ ടിന്റുമോന്‍ ഫലിതങ്ങള്‍ ടോണിമോന്‍ എന്നോ ലിന്റുമോന്‍ എന്നോ പേരുമാറ്റി ഇറങ്ങും. അത്രയേ ഉള്ളൂ. 

അമേരിക്കയില്‍ ബ്ലോണ്ട് ഫലിതങ്ങള്‍ (Blonde Jokes) എന്ന പേരില്‍ ഇറങ്ങിയ പലതും ഇന്ത്യയില്‍ സര്‍ദാര്‍ജി ഫലിതമായും മല്ലു ഫലിതമായും ഇറങ്ങിയിട്ടുണ്ട്. ഇവയില്‍ പലതും മലയാളികള്‍ക്കിടയില്‍ നമ്പൂതിരി ഫലിതമായും ടിന്റുമോന്‍ ഫലിതമായും ഒക്കെ ഇറങ്ങിയിട്ടുണ്ട്. ഇതില്‍ നിന്നും മനസിലാക്കേണ്ടത് എന്താണെന്നു വെച്ചാല്‍ കഥാപാത്രത്തിന്റെ പേരിലല്ല ഫലിതത്തിന്റെ ത്രെഡില്‍ ആണ് കാര്യം. ഒരു മലയാളി സുഹൃത്തില്‍ നിന്ന് ഒരു ടിന്റുമോന്‍ ഫലിതം എസ്.എം.എസ്. ആയി കിട്ടുന്ന മറ്റൊരു മലയാളി അത് തന്റെ ഉത്തരേന്ത്യന്‍ സുഹൃത്തിന്‌ ഫോര്‍വേഡ് ചെയ്യുന്നതിന് മുന്‍പ്‌ ടിന്റുമോന്‍ എന്ന പേരുമാറ്റി സര്‍ദാര്‍ജി എന്നു വയ്ക്കും. അതുപോലെ ഒരു അമേരിക്കന്‍ മലയാളി തന്റെ അമേരിക്കന്‍ സുഹൃത്തുക്കള്‍ തനിക്ക്‌ അയച്ചുതന്ന ബ്ലോണ്ട് / ബ്രൂനറ്റ്‌/  ഫലിതങ്ങള്‍ നാട്ടിലുള്ള സുഹൃത്തിന്‌ അയയ്ക്കുമ്പോള്‍ ടിന്റുമോന്‍ ഫലിതങ്ങള്‍ ആക്കി അയയ്ക്കും. അപ്പോള്‍പ്പിന്നെ ടിന്റുമോന്‍ എന്ന കഥാപാത്രത്തിന്റെ പകര്‍പ്പവകാശത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് എത്രത്തോളം പരിഹാസ്യമാണ്?

N.B. ടിന്റുമോന്‍ എന്ന് ശരിക്കും പേരുള്ളവര്‍ എന്തുചെയ്യണം എന്ന് ആരും പറഞ്ഞുകണ്ടില്ല. പേരുമാറ്റേണ്ടി വരുമോ?

1 comment: