Tuesday, October 5, 2010

അവള്‍ക്കൊരു പ്രണയമുണ്ടായിരുന്നെങ്കില്‍ ‌...

അവള്‍ക്കൊരു പ്രണയമുണ്ടായിരുന്നെങ്കില്‍ ‌...
 എങ്കില്‍ ഈ ലോകത്ത്‌,
അവള്‍ ഒറ്റപ്പെട്ടുപോകുമായിരുന്നില്ല.
അവള്‍ക്ക് പ്രതീക്ഷകള്‍ നഷ്ടമാകുമായിരുന്നില്ല.
അച്ഛനും അമ്മയുമില്ലാത്ത,
ഈ ജീവിതം അവള്‍ വെറുക്കുമായിരുന്നില്ല.
സ്വപ്നംകാണാന്‍ എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍,
പതിനാറാം വയസില്‍‌,
ജീവിതം അവസാനിപ്പിക്കാന്‍‌,
ലക്ഷ്മി എന്ന പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനി ആഗ്രഹിക്കുമായിരുന്നില്ല.
അവള്‍ മരിക്കുമായിരുന്നില്ല...
മംഗളത്തില്‍ വന്ന വാര്‍ത്ത‍:
ജീവിതം ബാക്കിയാക്കി ലക്ഷ്‌മി മാതാപിതാക്കളുടെ അടുത്തേക്ക്‌ യാത്രയായി
ഹരിപ്പാട്‌: ജീവിതം ബാക്കിയാക്കി ലക്ഷ്‌മി മാതാപിതാക്കളുടെ അടുക്കലേക്ക്‌ യാത്രയായി. കഴിഞ്ഞ ഫെബ്രുവരി 17 ന്‌ വാഹനാപകടത്തില്‍ മരിച്ച കുമാരപുരം കാഞ്ഞയില്‍ ലക്ഷ്‌മി നിവാസില്‍ ബിജു-സിന്ധു ദമ്പതികളുടെ ഏകമകള്‍ ലക്ഷ്‌മി(16)യാണ്‌ ജീവനൊടുക്കിയത്‌. കായംകുളം എസ്‌.എന്‍ സെന്‍ട്രല്‍ സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ ലക്ഷ്‌മിയെ ഇന്നലെ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ച വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എസ്‌.എസ്‌.എല്‍.സി പരീക്ഷയ്‌ക്ക് മുമ്പായി ഈശ്വരാനുഗ്രഹം തേടി പനച്ചിക്കാട്‌ ക്ഷേത്രത്തിലേക്ക്‌ പോകവെ ഉണ്ടായ അപകടത്തിലാണ്‌ ലക്ഷ്‌മിയുടെ മാതാപിതാക്കള്‍ മരിച്ചത്‌.
അപകടത്തില്‍ ലക്ഷ്‌മിയ്‌ക്ക് ഗുരുതരമായി പരുക്കേറ്റു. മാതാപിതാക്കളുടെ മൃതശരീരം അവസാനമായി ഒരുനോക്കു കാണാന്‍ പോലും ലക്ഷ്‌മിയ്‌ക്ക് ആയില്ല. ശസ്‌ത്രക്രിയ നടന്ന്‌ 18-ാം ദിവസം ശരീരവും മനസും നുറുങ്ങുന്ന വേദനകളുമായി എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതിയ ലക്ഷ്‌മി അച്‌ഛനമ്മമാരുടെ ആഗ്രഹം പോലെ 82 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ചു. പഠിച്ചു വന്ന സ്‌കൂളില്‍ തന്നെ അഡ്‌മിഷനും നേടി. പിതാവ്‌ പുതുതായി നിര്‍മ്മിച്ച വീട്ടില്‍ സന്തോഷത്തോടെ ജീവിക്കുമ്പോഴാണ്‌ വിധി അപകടത്തിന്റെ രൂപത്തില്‍ കടന്നുവന്നത്‌. പ്രതീക്ഷകള്‍ വിധി തല്ലിക്കെടുത്തിയപ്പോഴും ജീവിതത്തിന്റെ ഒരു പ്രകാശനാളം ലക്ഷ്‌മിയില്‍ ഉണ്ടായിരുന്നു. സ്‌പേയ്‌സ് ടെക്‌നോളജിയില്‍ ബിരുദം നേടണമെന്ന്‌ ആഗ്രഹിച്ച ലക്ഷ്‌മി അകാലത്തില്‍ മരണത്തെ വരിച്ചപ്പോള്‍ അത്‌ നാടിനാകെ തീരാത്ത നൊമ്പരമായി.
മെയ്‌ 29-ലെ മാതൃഭൂമി വാര്‍ത്ത‍ (നാലുമാസം മുന്‍പ്‌ പരീക്ഷാഫലം വന്നപ്പോള്‍):
വിധിയും വേദനയും തോറ്റു; ലക്ഷ്മി വാക്ക് പാലിച്ചു
ഹരിപ്പാട്: അച്ഛനമ്മമാരുടെ ദാരുണ മരണം അനാഥയാക്കിയ ലക്ഷ്മി, സങ്കടത്തീയില്‍ ഉരുകിത്തളരാതെ, അച്ഛനുനല്‍കിയ വാക്ക് പാലിക്കാന്‍ നന്നായി പഠിച്ചു. തലയില്‍ 32 തുന്നലുണ്ടായിട്ടും നിശ്ചയദാര്‍ഢ്യം കൈമുതലാക്കി പരീക്ഷയ്ക്കിരുന്ന ലക്ഷ്മി, ഫലം വന്നപ്പോള്‍ 82 ശതമാനം മാര്‍ക്കോടെയാണ് സി.ബി.എസ്.. പത്താംതരം വിജയിച്ചത്. മകള്‍ക്ക് പരീക്ഷ എളുപ്പമാകാന്‍, ക്ഷേത്രങ്ങളില്‍ വഴിപാട് നടത്താനുള്ള യാത്രയില്‍ വാഹനാപകടത്തില്‍ മരിച്ച, കുമാരപുരം ഡാണാപ്പടി ലക്ഷ്മിഭവനില്‍ ബിജു, സിന്ധു ദമ്പതിമാരുടെ ഏക മകളാണ് ലക്ഷ്മി. കഴിഞ്ഞ ഫിബ്രവരി 17ന് എ.സി. റോഡില്‍ ചങ്ങനാശ്ശേരിക്കടുത്തായിരുന്നു അപകടം. ഇവരുടെ കാറില്‍ ട്രെയിലര്‍ ഇടിക്കുകയായിരുന്നു.
ബിജുവിന്റെയും സിന്ധുവിന്റെയും ശവസംസ്‌കാരം കുടുംബവീട്ടില്‍ നടക്കുമ്പോള്‍, ലക്ഷ്മി അബോധാവസ്ഥയില്‍ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. ആസ്​പത്രിയില്‍നിന്ന് വീട്ടിലെത്തിയതിന്റെ അഞ്ചാംദിനമായിരുന്നു ആദ്യപരീക്ഷ. ഇലക്‌ട്രോണിക്‌സ് ഡിപ്ലോമക്കാരനായിരുന്ന ബിജുവിന് മകള്‍, സ്‌പേസ് ടെക്ക്‌നോളജിയില്‍ ഉയരങ്ങളിലെത്തണമെന്നായിരുന്നു ആഗ്രഹം. ഇതിന് 80 ശതമാനത്തിലധികം മാര്‍ക്ക് പത്താംക്ലാസ്സില്‍ നേടണമെന്ന് ബിജു മകളോട് പറഞ്ഞിരുന്നു. ലക്ഷ്മി സമ്മതിച്ചതുമാണ്.
കായംകുളം എസ്.എന്‍. സെന്‍ട്രല്‍ സ്‌കൂളിലാണ് ലക്ഷ്മി പഠിച്ചത്. അവിടെത്തന്നെ സയന്‍സ് ഗ്രൂപ്പില്‍ പ്ലസ്‌വണ്ണിന് ചേരാനാണ് തീരുമാനം. അച്ഛന്റെ സഹോദരിയുടെ വീട്ടില്‍നിന്നാണ് ലക്ഷ്മി പഠിക്കുന്നത്.
നമുക്ക് മറ്റൊരു വാര്‍ത്ത‍ മാത്രമായിരുന്ന ഫെബ്രുവരി 17-ലെ ആ സംഭവം:
വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു
ചങ്ങനാശേരി: വഴിപാട്‌ കഴിക്കാന്‍ പനച്ചിക്കാട്‌ ക്ഷേത്രത്തിലേക്കു പോയ കുടുംബം സഞ്ചരിച്ചിരുന്ന മാരുതി ഓള്‍ട്ടോ  കാറും ടോറസ്‌ ലോറിയും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ മരിച്ചു. മകള്‍ക്ക്  ഗുരുതരപരിക്ക്‌. ഹരിപ്പാട്‌ കുമാരപുരം നാരകത്തറ ലക്ഷ്‌മിനിവാസില്‍ ബിജു (42), ഭാര്യ സിന്ധു (37) എന്നിവരാണ്‌ മരിച്ചത്‌. മകള്‍ ലക്ഷ്‌മി (15) ക്ക്‌ പരിക്കേറ്റു.ഇന്ന്‌ രാവിലെ 6.50ന്‌ ചങ്ങനാശേരി ആലപ്പുഴ റോഡില്‍ പാറയ്‌ക്കല്‍ കലുങ്ക്‌ ഭാഗത്താണ്‌ അപകടം. സംഭവസ്ഥലത്തുവച്ചു തന്നെ ബിജു മരിച്ചു. സിന്ധുവിനെ തിരുവല്ല പുഷ്‌പഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ബിജുവിന്റെ മൃതദേഹം ചങ്ങനാശേരി താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയിലും സിന്ധുവിന്റെ മൃതദേഹം പുഷ്‌പഗിരി ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്‌. തലയില്‍ ചില്ലു തുളഞ്ഞു കയറിയ ലക്ഷ്‌മി തിരുവല്ല പുഷ്‌പഗിരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്‌.ആലപ്പുഴ ഭാഗത്തു നിന്നു വരികയായിരുന്ന കാര്‍, പുനലൂരില്‍ കശുവണ്ടി ഇറക്കി എറണാകുളത്തേക്കു പോകുകയായിരുന്ന ലോറിയിലാണ്‌ ഇടിച്ചത്‌. ചങ്ങനാശേരി പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു. ഫയര്‍ഫോഴ്‌സും പോലീസും എത്തിയാണ്‌ അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്‌.
സ്വപ്നങ്ങള്‍ ഇതള്‍ വിരിക്കേണ്ട പ്രായത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു പോയ ലക്ഷ്മിയുടെ ഓര്‍മയ്ക്ക് മുന്‍പില്‍ ഒരു കണ്ണീര്‍പ്പൂവ്.


അറിയാതെ ആഗ്രഹിച്ചു പോകുന്നു, അവള്‍ക്കൊരു പ്രണയമുണ്ടായിരുന്നെങ്കില്‍ ..
ഒരു പക്ഷേ അതെങ്കിലും അവളെ ഈ ലോകത്ത്‌ പിടിച്ചു നിര്‍ത്തിയേനേ..

[ഈ ബ്ലോഗില്‍ ദുഃഖകരമായ ഒന്നും എഴുതരുതെന്ന് കരുതിയിരുന്നതാണ്. ആവശ്യത്തിന് ടെന്‍ഷന്‍ അടിക്കാന്‍ കാരണങ്ങള്‍ ഉള്ളവരെ നമ്മളായിട്ട് വീണ്ടും ഓരോന്നുപറഞ്ഞ്‌ വിഷമിപ്പിക്കുന്നത് എന്തിന്? പക്ഷേ, ഈ വാര്‍ത്ത‍ അറിയാതെ കണ്ണുനിറക്കുന്നു. ഇതിനെപ്പറ്റി രണ്ടുവാക്ക് എന്തെങ്കിലും എഴുതണമെന്നു തോന്നി. ക്ഷമിക്കുക.]

4 comments:

  1. അറിയാതെ ആഗ്രഹിച്ചു പോകുന്നു, അവള്‍ക്കൊരു പ്രണയമുണ്ടായിരുന്നെങ്കില്‍ ..
    ഒരു പക്ഷേ അതെങ്കിലും അവളെ ഈ ലോകത്ത്‌ പിടിച്ചു നിര്‍ത്തിയേനേ..

    ReplyDelete
  2. really touching write-up, What a language my friend? and also so much enlightened and romantic thinking.....

    ReplyDelete