Tuesday, October 5, 2010

അവള്‍ക്കൊരു പ്രണയമുണ്ടായിരുന്നെങ്കില്‍ ‌...

അവള്‍ക്കൊരു പ്രണയമുണ്ടായിരുന്നെങ്കില്‍ ‌...
 എങ്കില്‍ ഈ ലോകത്ത്‌,
അവള്‍ ഒറ്റപ്പെട്ടുപോകുമായിരുന്നില്ല.
അവള്‍ക്ക് പ്രതീക്ഷകള്‍ നഷ്ടമാകുമായിരുന്നില്ല.
അച്ഛനും അമ്മയുമില്ലാത്ത,
ഈ ജീവിതം അവള്‍ വെറുക്കുമായിരുന്നില്ല.
സ്വപ്നംകാണാന്‍ എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍,
പതിനാറാം വയസില്‍‌,
ജീവിതം അവസാനിപ്പിക്കാന്‍‌,
ലക്ഷ്മി എന്ന പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനി ആഗ്രഹിക്കുമായിരുന്നില്ല.
അവള്‍ മരിക്കുമായിരുന്നില്ല...
മംഗളത്തില്‍ വന്ന വാര്‍ത്ത‍:
ജീവിതം ബാക്കിയാക്കി ലക്ഷ്‌മി മാതാപിതാക്കളുടെ അടുത്തേക്ക്‌ യാത്രയായി
ഹരിപ്പാട്‌: ജീവിതം ബാക്കിയാക്കി ലക്ഷ്‌മി മാതാപിതാക്കളുടെ അടുക്കലേക്ക്‌ യാത്രയായി. കഴിഞ്ഞ ഫെബ്രുവരി 17 ന്‌ വാഹനാപകടത്തില്‍ മരിച്ച കുമാരപുരം കാഞ്ഞയില്‍ ലക്ഷ്‌മി നിവാസില്‍ ബിജു-സിന്ധു ദമ്പതികളുടെ ഏകമകള്‍ ലക്ഷ്‌മി(16)യാണ്‌ ജീവനൊടുക്കിയത്‌. കായംകുളം എസ്‌.എന്‍ സെന്‍ട്രല്‍ സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ ലക്ഷ്‌മിയെ ഇന്നലെ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ച വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എസ്‌.എസ്‌.എല്‍.സി പരീക്ഷയ്‌ക്ക് മുമ്പായി ഈശ്വരാനുഗ്രഹം തേടി പനച്ചിക്കാട്‌ ക്ഷേത്രത്തിലേക്ക്‌ പോകവെ ഉണ്ടായ അപകടത്തിലാണ്‌ ലക്ഷ്‌മിയുടെ മാതാപിതാക്കള്‍ മരിച്ചത്‌.
അപകടത്തില്‍ ലക്ഷ്‌മിയ്‌ക്ക് ഗുരുതരമായി പരുക്കേറ്റു. മാതാപിതാക്കളുടെ മൃതശരീരം അവസാനമായി ഒരുനോക്കു കാണാന്‍ പോലും ലക്ഷ്‌മിയ്‌ക്ക് ആയില്ല. ശസ്‌ത്രക്രിയ നടന്ന്‌ 18-ാം ദിവസം ശരീരവും മനസും നുറുങ്ങുന്ന വേദനകളുമായി എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതിയ ലക്ഷ്‌മി അച്‌ഛനമ്മമാരുടെ ആഗ്രഹം പോലെ 82 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ചു. പഠിച്ചു വന്ന സ്‌കൂളില്‍ തന്നെ അഡ്‌മിഷനും നേടി. പിതാവ്‌ പുതുതായി നിര്‍മ്മിച്ച വീട്ടില്‍ സന്തോഷത്തോടെ ജീവിക്കുമ്പോഴാണ്‌ വിധി അപകടത്തിന്റെ രൂപത്തില്‍ കടന്നുവന്നത്‌. പ്രതീക്ഷകള്‍ വിധി തല്ലിക്കെടുത്തിയപ്പോഴും ജീവിതത്തിന്റെ ഒരു പ്രകാശനാളം ലക്ഷ്‌മിയില്‍ ഉണ്ടായിരുന്നു. സ്‌പേയ്‌സ് ടെക്‌നോളജിയില്‍ ബിരുദം നേടണമെന്ന്‌ ആഗ്രഹിച്ച ലക്ഷ്‌മി അകാലത്തില്‍ മരണത്തെ വരിച്ചപ്പോള്‍ അത്‌ നാടിനാകെ തീരാത്ത നൊമ്പരമായി.
മെയ്‌ 29-ലെ മാതൃഭൂമി വാര്‍ത്ത‍ (നാലുമാസം മുന്‍പ്‌ പരീക്ഷാഫലം വന്നപ്പോള്‍):
വിധിയും വേദനയും തോറ്റു; ലക്ഷ്മി വാക്ക് പാലിച്ചു
ഹരിപ്പാട്: അച്ഛനമ്മമാരുടെ ദാരുണ മരണം അനാഥയാക്കിയ ലക്ഷ്മി, സങ്കടത്തീയില്‍ ഉരുകിത്തളരാതെ, അച്ഛനുനല്‍കിയ വാക്ക് പാലിക്കാന്‍ നന്നായി പഠിച്ചു. തലയില്‍ 32 തുന്നലുണ്ടായിട്ടും നിശ്ചയദാര്‍ഢ്യം കൈമുതലാക്കി പരീക്ഷയ്ക്കിരുന്ന ലക്ഷ്മി, ഫലം വന്നപ്പോള്‍ 82 ശതമാനം മാര്‍ക്കോടെയാണ് സി.ബി.എസ്.. പത്താംതരം വിജയിച്ചത്. മകള്‍ക്ക് പരീക്ഷ എളുപ്പമാകാന്‍, ക്ഷേത്രങ്ങളില്‍ വഴിപാട് നടത്താനുള്ള യാത്രയില്‍ വാഹനാപകടത്തില്‍ മരിച്ച, കുമാരപുരം ഡാണാപ്പടി ലക്ഷ്മിഭവനില്‍ ബിജു, സിന്ധു ദമ്പതിമാരുടെ ഏക മകളാണ് ലക്ഷ്മി. കഴിഞ്ഞ ഫിബ്രവരി 17ന് എ.സി. റോഡില്‍ ചങ്ങനാശ്ശേരിക്കടുത്തായിരുന്നു അപകടം. ഇവരുടെ കാറില്‍ ട്രെയിലര്‍ ഇടിക്കുകയായിരുന്നു.
ബിജുവിന്റെയും സിന്ധുവിന്റെയും ശവസംസ്‌കാരം കുടുംബവീട്ടില്‍ നടക്കുമ്പോള്‍, ലക്ഷ്മി അബോധാവസ്ഥയില്‍ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. ആസ്​പത്രിയില്‍നിന്ന് വീട്ടിലെത്തിയതിന്റെ അഞ്ചാംദിനമായിരുന്നു ആദ്യപരീക്ഷ. ഇലക്‌ട്രോണിക്‌സ് ഡിപ്ലോമക്കാരനായിരുന്ന ബിജുവിന് മകള്‍, സ്‌പേസ് ടെക്ക്‌നോളജിയില്‍ ഉയരങ്ങളിലെത്തണമെന്നായിരുന്നു ആഗ്രഹം. ഇതിന് 80 ശതമാനത്തിലധികം മാര്‍ക്ക് പത്താംക്ലാസ്സില്‍ നേടണമെന്ന് ബിജു മകളോട് പറഞ്ഞിരുന്നു. ലക്ഷ്മി സമ്മതിച്ചതുമാണ്.
കായംകുളം എസ്.എന്‍. സെന്‍ട്രല്‍ സ്‌കൂളിലാണ് ലക്ഷ്മി പഠിച്ചത്. അവിടെത്തന്നെ സയന്‍സ് ഗ്രൂപ്പില്‍ പ്ലസ്‌വണ്ണിന് ചേരാനാണ് തീരുമാനം. അച്ഛന്റെ സഹോദരിയുടെ വീട്ടില്‍നിന്നാണ് ലക്ഷ്മി പഠിക്കുന്നത്.
നമുക്ക് മറ്റൊരു വാര്‍ത്ത‍ മാത്രമായിരുന്ന ഫെബ്രുവരി 17-ലെ ആ സംഭവം:
വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു
ചങ്ങനാശേരി: വഴിപാട്‌ കഴിക്കാന്‍ പനച്ചിക്കാട്‌ ക്ഷേത്രത്തിലേക്കു പോയ കുടുംബം സഞ്ചരിച്ചിരുന്ന മാരുതി ഓള്‍ട്ടോ  കാറും ടോറസ്‌ ലോറിയും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ മരിച്ചു. മകള്‍ക്ക്  ഗുരുതരപരിക്ക്‌. ഹരിപ്പാട്‌ കുമാരപുരം നാരകത്തറ ലക്ഷ്‌മിനിവാസില്‍ ബിജു (42), ഭാര്യ സിന്ധു (37) എന്നിവരാണ്‌ മരിച്ചത്‌. മകള്‍ ലക്ഷ്‌മി (15) ക്ക്‌ പരിക്കേറ്റു.ഇന്ന്‌ രാവിലെ 6.50ന്‌ ചങ്ങനാശേരി ആലപ്പുഴ റോഡില്‍ പാറയ്‌ക്കല്‍ കലുങ്ക്‌ ഭാഗത്താണ്‌ അപകടം. സംഭവസ്ഥലത്തുവച്ചു തന്നെ ബിജു മരിച്ചു. സിന്ധുവിനെ തിരുവല്ല പുഷ്‌പഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ബിജുവിന്റെ മൃതദേഹം ചങ്ങനാശേരി താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയിലും സിന്ധുവിന്റെ മൃതദേഹം പുഷ്‌പഗിരി ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്‌. തലയില്‍ ചില്ലു തുളഞ്ഞു കയറിയ ലക്ഷ്‌മി തിരുവല്ല പുഷ്‌പഗിരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്‌.ആലപ്പുഴ ഭാഗത്തു നിന്നു വരികയായിരുന്ന കാര്‍, പുനലൂരില്‍ കശുവണ്ടി ഇറക്കി എറണാകുളത്തേക്കു പോകുകയായിരുന്ന ലോറിയിലാണ്‌ ഇടിച്ചത്‌. ചങ്ങനാശേരി പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു. ഫയര്‍ഫോഴ്‌സും പോലീസും എത്തിയാണ്‌ അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്‌.
സ്വപ്നങ്ങള്‍ ഇതള്‍ വിരിക്കേണ്ട പ്രായത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു പോയ ലക്ഷ്മിയുടെ ഓര്‍മയ്ക്ക് മുന്‍പില്‍ ഒരു കണ്ണീര്‍പ്പൂവ്.


അറിയാതെ ആഗ്രഹിച്ചു പോകുന്നു, അവള്‍ക്കൊരു പ്രണയമുണ്ടായിരുന്നെങ്കില്‍ ..
ഒരു പക്ഷേ അതെങ്കിലും അവളെ ഈ ലോകത്ത്‌ പിടിച്ചു നിര്‍ത്തിയേനേ..

[ഈ ബ്ലോഗില്‍ ദുഃഖകരമായ ഒന്നും എഴുതരുതെന്ന് കരുതിയിരുന്നതാണ്. ആവശ്യത്തിന് ടെന്‍ഷന്‍ അടിക്കാന്‍ കാരണങ്ങള്‍ ഉള്ളവരെ നമ്മളായിട്ട് വീണ്ടും ഓരോന്നുപറഞ്ഞ്‌ വിഷമിപ്പിക്കുന്നത് എന്തിന്? പക്ഷേ, ഈ വാര്‍ത്ത‍ അറിയാതെ കണ്ണുനിറക്കുന്നു. ഇതിനെപ്പറ്റി രണ്ടുവാക്ക് എന്തെങ്കിലും എഴുതണമെന്നു തോന്നി. ക്ഷമിക്കുക.]

Wednesday, September 15, 2010

വക്കാ വക്കാ ഭദ്രകാളി



പോപ്‌ താരം ഷക്കീറ ഇന്ത്യന്‍ ചിത്രത്തില്‍ ഭദ്രകാളിയായി അഭിനയിക്കുന്നുവെന്ന് വാര്‍ത്ത‍. ഹിന്ദിയില്‍ നിര്‍മ്മിക്കുന്ന 3D ചിത്രമായ “Kali- The Warrior Goddess” എന്ന ചിത്രത്തിലാണ് ഷക്കീറ ഹിന്ദു ദൈവമായ ഭദ്രകാളിയായി വേഷമിടുന്നത്.




അധികം താമസിക്കാതെ ബ്രിട്നി സ്പിയേഴ്സ് സീതയായി വരുമെന്നും പ്രതീക്ഷിക്കാം. എന്തൊക്കെ കാണണം എന്റെ ഭഗോതീ...

വാര്‍ത്ത‍ ദാ ഇവിടെ   

Friday, August 27, 2010

ഇതേതാ ഭാഷ..!!?


ഏറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷന്റെ മുന്‍വശത്ത് കണ്ട ഒരു ബാനര്‍ ആണ് ഈ കാണുന്നത്. ഇത് ഏതാണ് ഭാഷ എന്ന് അറിവുള്ളവര്‍ ഒന്നു പറഞ്ഞുതന്നിരുന്നെങ്കില്‍ ഉപകാരമായിരുന്നു.

Thursday, August 26, 2010

ആലപ്പുഴ - കോട്ടയം റൂട്ട്


കേരളത്തിലെ ഒരു ജില്ലാ ആസ്ഥാനത്ത് നിന്ന് തൊട്ടടുത്തുള്ള ജില്ലാ ആസ്ഥാനത്തേയ്ക്കുള്ള വഴിയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. 
  • നീലനിറം: ജലാശയങ്ങള്‍
  • വെളുപ്പുനിറം: കര
  • പച്ചനിറം: പാടശേഖരങ്ങള്‍
ഗൂഗിളിന്റെ മാപ്പ്സ് സര്‍വീസ് റെക്കമെന്റ് ചെയ്യുന്ന റൂട്ട് ആണിത്.

ഇതിനെയാണ് തുഗ്ലക്കിന്റെ കാലം  എന്നുപറയുന്നത്. ടൂറിസം വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ആലപ്പുഴയില്‍ ആരംഭിച്ച് മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ കുമരകം വഴി കോട്ടയം വരെ നീളുന്ന ഒരു സഞ്ചാരപാതയുടെ സാധ്യത കൂടി പരിഗണിച്ചാല്‍ ഇന്നുള്ള യാത്രാസമയം പകുതിയായി കുറയ്ക്കാന്‍ കഴിയും.

Wednesday, August 25, 2010

ടൂറിസം മാസ്റ്റര്‍പ്ലാനില്‍ ആലപ്പുഴ വിമാനത്താവളവും



ആലപ്പുഴ ടൂറിസം കേന്ദ്രമാക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ വേണമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. ഇതൊക്കെ എത്ര തവണ കേട്ടിരിക്കുന്നുവെന്ന്‍ ആലപ്പുഴക്കാര്‍. ഇത്തരത്തില്‍ ഒരുപാട് മാസ്റ്റര്‍പ്ലാനുകളെ കുറിച്ച് ആലപ്പുഴക്കാര്‍ കേട്ടിട്ടുണ്ടെന്നുള്ളത് സത്യംഎങ്കിലും "ശരിക്കും ബിരിയാണി കൊടുത്തെങ്കിലോഎന്നുള്ള തത്വം അടിസ്ഥാനമാക്കി പ്രസിഡന്റിന്റെ വാക്കുകള്‍ ഞങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നുഇനിയും വരാനിരിക്കുന്ന അല്ലെങ്കില്‍ ഒരിക്കലും വരാനിടയില്ലാത്ത ആ മാസ്റ്റര്‍പ്ലാനിലേയ്ക്ക് ഒരു നിര്‍ദേശം കൂടി സമര്‍പ്പിക്കുന്നുആലപ്പുഴയില്‍ ഒരു വിമാനത്താവളംആറന്മുളയില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള പദ്ധതി അട്ടിമറിക്കപ്പെട്ട സാഹചര്യത്തില്‍ ആലപ്പുഴ കേന്ദ്രമാക്കി ഒരു വിമാനത്താവളം സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിക്കാവുന്നതേയുള്ളൂ.

"ആലപ്പുഴയില്‍ എന്തിനാണ് എയര്‍പോര്‍ട്ട്തൊട്ടടുത്തല്ലേ കൊച്ചിന്‍ എയര്‍പോര്‍ട്ട്?"

ആലപ്പുഴ വിമാനത്താവളത്തെപ്പറ്റി പറഞ്ഞുതുടങ്ങുമ്പോള്‍ തന്നെ പലര്‍ക്കും ചോദിക്കാനുള്ളത് ഇതാണ്ഇങ്ങനെ ചോദിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ സത്യവസ്ഥ അറിയാത്തവരല്ലഅറിഞ്ഞിട്ടും മനപൂര്‍വം അറിയില്ലെന്നു നടിക്കുന്നവരാണ്കൊച്ചിന്‍ എയര്‍പോര്‍ട്ട് എന്നറിയപ്പെടുന്ന നെടുമ്പാശ്ശേരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എറണാകുളം നഗരത്തില്‍ നിന്ന് 22-ലേറെ കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്നെടുമ്പാശ്ശേരിയില്‍ നിന്ന് 73-ലേറെ കിലോമീറ്റര്‍ അകലെയാണ് ആലപ്പുഴ സ്ഥിതി ചെയ്യുന്നത്അപ്പോള്‍ പിന്നെ കൊച്ചിന്‍ എയര്‍പോര്‍ട്ട് ആലപ്പുഴയ്ക്ക് തൊട്ടടുത്താണ് എന്ന വാദം പൊളിയുന്നുആറന്മുളയില്‍ എയര്‍പോര്‍ട്ട് നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍ പറഞ്ഞത്‌ നെടുമ്പാശ്ശേരിയുടേയും തിരുവനന്തപുരത്തിന്റെയും കൃത്യം മധ്യത്തിലാണ് ആറന്മുള എന്നാണ്എന്നാല്‍ ആറന്മുളയല്ലആലപ്പുഴ ജില്ലയില്‍പെടുന്ന ചെങ്ങന്നൂരിലെ ആഞ്ഞിലിമൂട് ആണ് നെടുമ്പാശ്ശേരിയുടേയും തിരുവനന്തപുരത്തിന്റെയും കൃത്യം മധ്യത്തിലായി കിടക്കുന്നത്. എം.സിറോഡില്‍നിന്ന് ഉള്ളിലേയ്ക്ക്‌ മാറി കിടക്കുന്ന ആറന്മുളയില്‍ എയര്‍പോര്‍ട്ട് പണിയുന്നതിനേക്കാള്‍ നല്ലത് എം.സിറോഡിനോട് ചേര്‍ന്ന് കിടക്കുന്ന ആഞ്ഞിലിമൂട് തന്നെയാണ്എങ്കിലും ഭൂമിശാസ്ത്രപരമായ കിടപ്പുമാത്രമല്ല എയര്‍പോര്‍ട്ട് സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡംസ്ഥലത്തിന്റെ പ്രാധാന്യവും ജനസാന്ദ്രതയും കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

ആലപ്പുഴ വെറുമൊരു ജില്ലാ ആസ്ഥാനം മാത്രമല്ലആലപ്പുഴ ജില്ല കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയാണ്അതായത്‌ ഒരു ചതുരശ്ര കിലോമീറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ആലപ്പുഴജനസംഖ്യയുടെ കാര്യത്തില്‍ കേരളത്തിലെ  ആറാമത്തെ വലിയ നഗരമാണ് ആലപ്പുഴകേരളത്തില്‍ മലപ്പുറം കഴിഞ്ഞാല്‍ ഏറ്റവുമധികം വിദേശമലയാളികള്‍ ഉള്ളത് ആലപ്പുഴ-തിരുവല്ല മേഖലയിലാണ്.  ആലപ്പുഴയുടെ ടൂറിസം രംഗത്തുള്ള പ്രാധാന്യം കൂടി കണക്കിലെടുക്കുമ്പോള്‍ മധ്യതിരുവിതാംകൂറില്‍ എയര്‍പോര്‍ട്ട് നിര്‍മ്മിക്കാന്‍ ഏറ്റവും അനുയോജ്യമായത് ആലപ്പുഴ തന്നെയാണെന്ന് നിസ്സംശയം പറയാവുന്നതാണ്.

ആലപ്പുഴയില്‍ എയര്‍പോര്‍ട്ട് സ്ഥാപിക്കുക എന്നാല്‍ ആലപ്പുഴ നഗരമധ്യത്തില്‍ ഒരു വിമാനത്താവളം പണിയുക എന്നല്ലആലപ്പുഴ നഗരത്തിന് വടക്കുഭാഗത്തായി ദേശീയപാത വഴിയും  എം.സി.  റോഡ്‌ വഴിയും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഒരു സ്ഥലം കണ്ടെത്താവുന്നതേയുള്ളൂകായല്‍ നികത്താതെയും പാടശേഖരങ്ങള്‍ നശിപ്പിക്കാതെയും അതിന് അനുയോജ്യമായ ഒരു സ്ഥലം കുട്ടനാട്‌/അമ്പലപ്പുഴ താലൂക്കുകളില്‍ എവിടെയെങ്കിലും കണ്ടെത്താനാവും എന്നുതന്നെ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

എയര്‍പോര്‍ട്ട് വന്നുകഴിഞ്ഞാല്‍ ആലപ്പുഴയങ്ങ് ബാംഗ്ലൂര്‍ പോലെയാകും എന്നൊന്നും കരുതുന്നില്ലതിരുവനന്തപുരം എയര്‍പോര്‍ട്ട് സ്ഥിതിചെയ്യുന്ന വേളി-വള്ളക്കടവ്-വലിയതുറ പ്രദേശത്തിന്റെ അവസ്ഥ ഇന്നും പഴയതുപോലെതന്നെയാണ്. ഒരു അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ സാന്നിദ്ധ്യം അവിടുത്തെ  ദരിദ്രരായ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ലഎന്നാല്‍ ആലപ്പുഴയില്‍ വരുന്ന എയര്‍പോര്‍ട്ട് ആലപ്പുഴയുടെ മാത്രമല്ലമുഴുവന്‍ കേരളത്തിന്റെയും ടൂറിസം പ്രതീക്ഷകള്‍ക്ക് പുത്തനുണര്‍വ് നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല

മൊടകേരള രാഷ്ട്രീയത്തില്‍ ഒരുപക്ഷേ ഇത്രയേറെ നേതാക്കന്മാരെ സംഭാവന ചെയ്ത മറ്റൊരു പ്രദേശം ഉണ്ടാവില്ലമുഖ്യമന്ത്രി വി.എസ്അച്യുതാനന്ദന്‍വയലാര്‍ രവി.കെആന്റണിരമേശ്‌ ചെന്നിത്തല, ജിസുധാകരന്‍തോമസ്‌ ഐസക്കെ.ആര്‍.ഗൗരിയമ്മ..എന്നിങ്ങനെ ആ ലിസ്റ്റ് നീളുന്നുഇത്രയേറെ പ്രമുഖ നേതാക്കന്‍മാര്‍ ഉണ്ടായിട്ടും ആലപ്പുഴ ഇന്ന് നേരിടുന്ന അവഗണനയ്ക്ക് ആരാണ് ഉത്തരവാദികള്‍?

Wednesday, August 18, 2010

സുബൈറിന് ആദരാഞ്ജലികള്‍

സുബൈര്‍ ഓര്‍മയായി


subair.jpg


ചലച്ചിത്രതാരം സുബൈര്‍ ഓര്‍മയായി. കരുത്തുറ്റ അനേകം കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ പകര്‍ന്ന സുബൈര്‍ 1992 ല്‍ മാന്ത്രികച്ചെപ്പ് എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. പോലീസുകാരനായും രാഷ്ട്രീയക്കാരനായുമൊക്കെ പ്രതിനായകവേഷങ്ങള്‍ക്ക് സ്വന്തമായ ഒരു ശരീരഭാഷ ചമച്ച സുബൈര്‍ ഇരുന്നൂറോളം ചിത്രങ്ങളിലും ഏതാനും ടെലിവിഷന്‍ പരമ്പരകളിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

Monday, August 16, 2010

ടിന്റുമോന്റെ പിന്നാലെ എട്ടുകാലി മമ്മൂഞ്ഞുമാര്‍...




ടിന്റുമോന്റെ പിതൃത്വം അവകാശപ്പെട്ടുകൊണ്ട് ചില എട്ടുകാലി മമ്മൂഞ്ഞുമാര്‍ രംഗത്തെത്തിയതായി ബെര്‍ളിയുടെ ഈ പോസ്റ്റില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ടിന്റുമോന്‍ എന്ന കഥാപാത്രം ഹിറ്റായത് എസ്.എം.എസ്. ജോക്കുകളിലൂടെയും മെയിലുകളിലൂടെയും ബ്ലോഗുകളിലൂടെയും ആണ്. പിന്നീടാണ്‌ ടിന്റുമോന്‍.കോം പോലെയുള്ള സൈറ്റുകളും ടിവി ചാനലുകളും മനോരമ തുടങ്ങിയ അച്ചടിമാധ്യമങ്ങളും ടിന്റുമോനെ ഏറ്റെടുക്കുന്നത്. കല്യാണരാമന്‍ സിനിമയില്‍ ഇന്നസെന്റിന്റെ കഥാപാത്രം പറയുന്ന, അയാളുടെ കഴിഞ്ഞ ജന്മത്തിലെ പേരാണ് മാസ്റ്റര്‍ ടിന്റുമോന്‍. ആദ്യകാലത്ത് മലയാളികളെ സംബന്ധിച്ചിടത്തോളം മറ്റൊരു പേര് മാത്രമായിരുന്നു ടിന്റുമോന്‍. 

ശശി, ബൈജു, സോമന്‍ തുടങ്ങിയ പേരുകള്‍ക്ക്‌ മലയാളി സമൂഹത്തില്‍ ഉള്ള സാമാന്യത തന്നെയാണ് ആദ്യകാലത്ത്‌ ടിന്റുമോനും മലയാളികള്‍ കല്‍പിച്ചു  നല്‍കിയത്. പിന്നീട് സര്‍ദാര്‍ജി, നമ്പൂതിരി, തുടങ്ങിയ ഹാസ്യ ബിംബങ്ങളുടെ നിരയിലേയ്ക്ക് ടിന്റുമോനും ഉയര്‍ത്തപ്പെട്ടു. ടിന്റുമോന്‍ എന്ന പേരിന് വലിയ മാര്‍ക്കറ്റ്‌ വാല്യൂ കൈവന്നു. അതിനെ വിറ്റ്‌ കാശാക്കാന്‍ പലരും കച്ചകെട്ടിയും കേട്ടാതെയും ഇറങ്ങി. ടിന്റുമോന്റെ ജോക്സ് അച്ചടിച്ച പുസ്തകങ്ങള്‍ ബുക്സ്റ്റാളുകളിലും ട്രെയിനുകളിലും വരെ വില്‍ക്കപ്പെട്ടു. അവരാരും ടിന്റുമോന്‍ തങ്ങളുടെ സ്വകാര്യസ്വത്താണെന്ന് അവകാശപ്പെട്ടില്ല. അപ്പോഴാണ് "അതിന്റാള് ഞമ്മളാ" എന്നും പറഞ്ഞ്‌ ചിലരുടെ വരവ്. ടിന്റുമോന്റെ അവകാശവാദം ഉന്നയിക്കുന്നവര്‍ മനസിലാക്കേണ്ട ഒരു കാര്യം ടിന്റുമോന്‍ എന്നത് ഒരു പേര് മാത്രമാണെന്നുള്ള വസ്തുതയാണ്. ടിന്റുമോന്‍ എന്ന പേരിന് ആരെങ്കിലും പേറ്റന്റ്‌ എടുത്താല്‍ നാളെ മുതല്‍ ടിന്റുമോന്‍ ഫലിതങ്ങള്‍ ടോണിമോന്‍ എന്നോ ലിന്റുമോന്‍ എന്നോ പേരുമാറ്റി ഇറങ്ങും. അത്രയേ ഉള്ളൂ. 

അമേരിക്കയില്‍ ബ്ലോണ്ട് ഫലിതങ്ങള്‍ (Blonde Jokes) എന്ന പേരില്‍ ഇറങ്ങിയ പലതും ഇന്ത്യയില്‍ സര്‍ദാര്‍ജി ഫലിതമായും മല്ലു ഫലിതമായും ഇറങ്ങിയിട്ടുണ്ട്. ഇവയില്‍ പലതും മലയാളികള്‍ക്കിടയില്‍ നമ്പൂതിരി ഫലിതമായും ടിന്റുമോന്‍ ഫലിതമായും ഒക്കെ ഇറങ്ങിയിട്ടുണ്ട്. ഇതില്‍ നിന്നും മനസിലാക്കേണ്ടത് എന്താണെന്നു വെച്ചാല്‍ കഥാപാത്രത്തിന്റെ പേരിലല്ല ഫലിതത്തിന്റെ ത്രെഡില്‍ ആണ് കാര്യം. ഒരു മലയാളി സുഹൃത്തില്‍ നിന്ന് ഒരു ടിന്റുമോന്‍ ഫലിതം എസ്.എം.എസ്. ആയി കിട്ടുന്ന മറ്റൊരു മലയാളി അത് തന്റെ ഉത്തരേന്ത്യന്‍ സുഹൃത്തിന്‌ ഫോര്‍വേഡ് ചെയ്യുന്നതിന് മുന്‍പ്‌ ടിന്റുമോന്‍ എന്ന പേരുമാറ്റി സര്‍ദാര്‍ജി എന്നു വയ്ക്കും. അതുപോലെ ഒരു അമേരിക്കന്‍ മലയാളി തന്റെ അമേരിക്കന്‍ സുഹൃത്തുക്കള്‍ തനിക്ക്‌ അയച്ചുതന്ന ബ്ലോണ്ട് / ബ്രൂനറ്റ്‌/  ഫലിതങ്ങള്‍ നാട്ടിലുള്ള സുഹൃത്തിന്‌ അയയ്ക്കുമ്പോള്‍ ടിന്റുമോന്‍ ഫലിതങ്ങള്‍ ആക്കി അയയ്ക്കും. അപ്പോള്‍പ്പിന്നെ ടിന്റുമോന്‍ എന്ന കഥാപാത്രത്തിന്റെ പകര്‍പ്പവകാശത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് എത്രത്തോളം പരിഹാസ്യമാണ്?

N.B. ടിന്റുമോന്‍ എന്ന് ശരിക്കും പേരുള്ളവര്‍ എന്തുചെയ്യണം എന്ന് ആരും പറഞ്ഞുകണ്ടില്ല. പേരുമാറ്റേണ്ടി വരുമോ?